|
കേരളത്തിലെ പ്രധമ സംയോജിത മാലിന്യ സംസ്കരണ വൈദ്യുത ഉല്പാദന പദ്ധതി
(കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പഞ്ചായത്തില്‍)
കടയ്ക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസും, മറ്റ് ഓഫീസുകളും കടയ്ക്കല്‍ ജംഗ്ഷന് സമീപ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നെല്ലാമുള്ള മാലിന്യങ്ങളും മാര്‍ക്കറ്റിലും അറവുശാലയിലും ഉണ്ടാകുന്ന മാലിന്യങ്ങളും കടയ്ക്കല്‍ മാര്‍ക്കറ്റില്‍ കുന്നുകൂട്ടി ഇടുന്നതും അറവുശാലയില്‍ നിന്നുള്ള ചോരയും, മലിന ജലവും ചുറ്റും തളം കെട്ടി നിന്ന് ദുര്‍ഗന്ധം പരത്തുന്നതും മാംസാവശിഷ്ടങ്ങള്‍ക്കുവേണ്ടി തെരുവ് നായ്ക്കള്‍ കടിപിടി കൂടുന്നതും നിത്യ സംഭവമായിരുന്നു.
ജൈവമാലിന്യങ്ങളെ യഥാസമയം സംസ്കരിച്ച് വൈദ്യുതിയും ജൈവവളവും ഉല്പാദിപ്പിക്കുന്ന ഒരു സംയോജിത മാലിന്യ സംസ്കരണ പ്ലാന്റ് ബയോടെക്കിന്റെ സാങ്കേതിക സഹായത്തോടെ കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റില്‍ സ്ഥാപിക്കുകയുണ്ടായി. ഇത് കേരളത്തിലെ പ്രധമ സംരംഭമായ സംയോജിത മാലിന്യ സംസ്കരണ വൈദ്യുതി ഉല്പാദന പദ്ധതിയാണ്. പ്രതിദിനം 1 ടണ്‍ മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ള ഈ പ്ലാന്റില്‍ മാലിന്യ സംസ്കരണത്തിലൂടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് മാര്‍ക്കറ്റിലും, കടയ്ക്കല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന 1200 ലൈറ്റുകള്‍ പ്രകാശിപ്പിച്ചുവരുന്നു.
വ്യത്യസ്ഥ സ്വഭാവത്തിലും രൂപഘടനയിലുമുള്ള മാലിന്യങ്ങളെ ഒരേ സമയം കാര്യക്ഷമമായി സംസ്കരിക്കുന്നതിന് വിവിധ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്കരണ പദ്ധതിയാണ് കടയ്ക്കല്‍ മാര്‍ക്കറ്റില്‍ ബയോടെക് നടപ്പാക്കിയത്. മാലിന്യ സംസ്കരണം കഴിഞ്ഞ് ജൈവവാതക പ്ലാന്റില്‍ നിന്നും പുറത്തുവരുന്ന ജലവും അറവുശാലയില്‍ നിന്നും പുറന്തള്ളുന്ന ചോരയും മലിനജലവും സംസ്കരിച്ച് ആ വെള്ളം തന്നെ വീണ്ടും അറവുശാല ശുചീകരണത്തിനും സംസ്കരണ പ്ലാന്റിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കും പുനരുപയോഗം ചെയ്യത്തക്ക തരത്തിലുള്ള നൂതന പദ്ധതിയും പ്ലാന്റിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ട്.
|